2010 ഒക്‌ടോബർ 13, ബുധനാഴ്‌ച






ചിലന്തി വല

ഉച്ചക്ക് ഒന്ന് മയങ്ങുമ്പോഴായിരുന്നു കാറ്റു വീശി അടിച്ചത്.  കുരുത്തോലതുമ്പത്ത് തൂങ്ങിയാടിയ ചിലന്തി ആകാശത്തോളം ഉയര്‍ന്നു... പിന്നെ  പിടി വിട്ടു താഴേക്കു. നടു തല്ലി താഴെ വീണു. മേലേക്ക് നോക്കിയപ്പോള്‍ ഉച്ച വെയില്‍. കണ്ണ് അടഞ്ഞടഞ്ഞു പോയി. ദേഷ്യം തീര്‍ക്കാന്‍ വടക്കോട്ട് കുറെ ഓടി. കയ്പ്പുള്ള വേപ്പ്  മരത്തില്‍ പറ്റിപ്പിടിച്ചു കയറി. കുഞ്ഞി ചിലന്തിക്ക് ദേഷ്യം ശമിച്ചില്ല. ഈ കാറ്റിനെ തടുക്കണം. കുഞ്ഞി വേപ്പ് മരത്തിന്റെ പകുതിയോളം കയറി. പടിഞ്ഞാറ് നിന്നും കിഴക്കോട്ടാണ് കാറ്റ് വീശിയിരുന്നത് . തെക്കോട്ട് ചാഞ്ഞ കൊന്ബില്‍ കുഞ്ഞി ചിലന്തി പറ്റിക്കയറി. ഇടതു നിന്നും വലത്തോട്ട് ... ഒരു ചില്ലയില്‍ നിന്നും മറ്റൊന്നിലേക്ക് അത് വല നെയ്തു കൊണ്ടേയിരുന്നു. ഈ വലയോന്നു പണി തീരട്ടെ. കിഴക്കന്‍ കാറ്റ് ഇതില്‍ കുടുങ്ങും.

    വല തയ്യാറായി. കാറ്റിനെ വിടാതെ പിടിക്കാന്‍ ചിലന്തി വലയുടെ ഒത്ത നടുക്ക് കാത്തിരുന്നു. പേടിച്ചിട്ടോ എന്തോ.... കാറ്റ് വേപ്പിന്റെ ഇലകളില്‍ മെല്ലെ തൊട്ടിട്ടു കിഴക്കോട്ട് തന്നെ ഓടി.

  നേരം സന്ധ്യയായി. കാത്തിരുന്ന ചിലന്തി ഉറങ്ങിപ്പോയി. ഒരു മുരള്‍ച്ച. എല്ലാം ഒന്ന് കുലുങ്ങി. ചിലന്തി ഞെട്ടി ഉണര്‍ന്നു. കാറ്റല്ല... ഒരു കറുത്ത ജീവി വലയില്‍ കുരുങ്ങി. ഹായ്‌... എന്ത് രസം. തിളങ്ങുന്ന ചിറകുകള്‍. ചിലന്തി ഓടി അടുത്തെത്തി. അത് രക്ഷപ്പെടാന്‍ കുതിക്കുന്നു. കുഞ്ഞി ചിലന്തിയുടെ രോമകൂപങ്ങള്‍ സട കുടഞ്ഞെഴുന്നേറ്റു. കണ്ണുകള്‍ ചെറുതായി. കൈ കാലുകള്‍ വലുതായി. ഒരു നിമിഷം... ചിലന്തി എല്ലാം മറന്നു. വലയിലെ കുഞ്ഞു വണ്ടിനെ കാല് കൊണ്ട് വരിഞ്ഞു മുറുക്കി. വണ്ടിന് ശ്വാസം മുട്ടി.. ചിലന്തി വിട്ടില്ല... വണ്ട്‌ ചത്ത്‌ പോയി. ബോധം വീണ്ട് കിട്ടിയപ്പോള്‍ ചിലന്തിക്ക് സങ്കടം വന്നു. ഇനി എന്ത് ചെയ്യും... വണ്ടിന്റെ നിറമുള്ള ചിറകുകള്‍ തിളങ്ങുന്നുണ്ടായിരുന്നു. ചിലന്തി വീണ്ടും വലയുടെ നടുക്ക് നീങ്ങിയിരുന്നു. അപ്പോഴേക്കും സമയം രാത്രി ആയി. പടിഞ്ഞാറ് നിന്നും കാറ്റ്‌ ഒരു കുഞ്ഞു മേഘത്തെ കൂട്ടികൊണ്ടു വന്നു. കാറ്റ് ഒന്ന് മുരണ്ടപ്പോഴേക്കും കുഞ്ഞു മേഘം മഴ പെയ്യാന്‍ തുടങ്ങി. ചിലന്തിക്ക് അസ്വസ്ഥത തോന്നി. മഴയെ തടുക്കാന്‍ അത് പടിഞ്ഞാറോട്ട് ചാഞ്ഞ കൊമ്പില്‍ താഴെ നിന്നും മുകളിലേക്ക് വല നെയ്തു തുടങ്ങി.

... മഴയെ തടുക്കാന്‍ ചിലന്തി വല നെയ്തു കഴിഞ്ഞു. ഇപ്പോള്‍ കിഴക്കന്‍ കാറ്റും കുഞ്ഞു മഴയും തടുത്തു നിര്‍ത്താന്‍ ചിലന്തിക്കു കഴിഞ്ഞു. പകല്‍ മുഴുവന്‍ വല നെയ്ത ക്ഷീണം കൊണ്ടാകാം ചിലന്തി ഉറങ്ങിപ്പോയി. വലത് വശത്തായി അപ്പോഴും കുഞ്ഞു വണ്ട്‌ ചലനമറ്റു കുരുങ്ങി കിടപ്പുണ്ടായിരുന്നു.

രാത്രി എത്രയോ കഴിഞ്ഞു. ഇരുട്ടിനോടൊപ്പം തണുപ്പും കൂടി വന്നു. കുഞ്ഞി ചിലന്തിക്കു തണുത്തിട്ട് വയ്യ. ഉണര്‍ന്ന ചിലന്തിക്ക് തണുപ്പിനെയും തടഞ്ഞു നിര്‍ത്തണം എന്ന് തോന്നി. ഇരുട്ടിലും ചിലന്തി കിഴക്ക് വശത്ത് നിന്നും താഴേക്കും മുകളിലേക്കും വല നെയ്യാന്‍ തുടങ്ങി. നേരം വെളുക്കാരായപ്പോഴേക്കും കിഴക്ക് വശവും മൂടി. ഇനി താഴേക്കുള്ള വഴി മാത്രം. അത് കൂടി മൂടിയാല്‍ തണുക്കാതെ കിടന്നുറങ്ങാം.. പുലര്‍ന്നപ്പോഴേക്കും ചിലന്തി തനിക്കു ചുറ്റും വല നെയ്തു.. അതിനുള്ളില്‍ കാറ്റും മഴയും തണുപ്പും ഏല്‍ക്കാതെ സുഖമായി കിടന്നുറങ്ങി.


അതിരാവിലെ ചാറ്റല്‍ മഴ പെയ്തു. കിഴക്കന്‍ കാറ്റിനോടൊപ്പം തണുപ്പും വീശിയടിച്ചു. കുഞ്ഞി ചിലന്തി കൂട്ടിനുള്ളില്‍ ഇതൊന്നുമറിയാതെ സുഖമായി ഉറങ്ങി. ഒരു മുരള്‍ച്ച. എല്ലാം ഒന്ന് കുലുങ്ങി. ചിലന്തി ഞെട്ടി ഉണര്‍ന്നു. കിഴക്കന്‍ കാറ്റിനു വേഗത കൂടുന്നു. ചിലന്തിക്കു ശ്വാസം മുട്ടി. പക്ഷെ.. അതിനു ആ വലയില്‍ നിന്നും പുറത്തു കടക്കാന്‍ കഴിഞ്ഞില്ല.

കാറ്റിന്റെ വേഗത ഒന്ന് കൂടി കൂടി. വേപ്പ് മരത്തിന്റെ ചില്ലകള്‍ ഇളകിയാടി. ഇളകിയാടിയ മര ചില്ലക്കിടയിലൂടെ സര്‍വ ശക്തിയുമെടുത്തു ചിലന്തി മുന്നോട്ടു കുതിച്ചു. വേപ്പ് മരത്തില്‍ തൂങ്ങിയാടിയ ചിലന്തി ആകാശത്തോളം ഉയര്‍ന്നു. പിന്നെ പിടി വിട്ടു താഴേക്ക്‌. ഒപ്പം വന്നത് കുഞ്ഞു വണ്ടും. താഴെ വീണ ചിലന്തിയെ മഴ ഒഴുക്കി..  ഒഴുകി ഒഴുകി അങ്ങ് ദൂരെ ....... എവിടെയോ കൊണ്ട് പോയി. പിന്നെ ആരും കുഞ്ഞു ചിലന്തിയെ കണ്ടിട്ടില്ല.

ഉച്ചയ്ക്ക് വെയില്‍ വന്നു. നാല് ദിക്കും തടഞ്ഞിട്ടും ചിലന്തി വല മാത്രം വേപ്പ് മരത്തില്‍ തല കീഴായി കിടന്നു.

2010 മേയ് 17, തിങ്കളാഴ്‌ച

മയില്‍ പീലി...

ഒത്തിരി നാളുകള്‍ക്കു ശേഷമാണ് മറുപടി തിരികെ കിട്ടിയത്.




അവള്‍ക്കു ഞാന്‍ എഴുതിയിരുന്നു. ആകാശം കാട്ടാതെ ഞാന്‍ സൂക്ഷിച്ചു വെച്ചിരുന്ന മയില്‍ പീലി ഞാന്‍ നിനക്ക് തരാം. പകരം നീ നിന്റെ നീല വരയിട്ട നോട്ട് പുസ്തകത്തില്‍ നിന്റെ സ്വന്തം കൈപ്പടയില്‍ എനിക്കെഴുതണം. അത് ഞാന്‍ ആകാശം കാട്ടാതെ സൂക്ഷിച്ചോലാം....



നാളെത്ര കഴിഞ്ഞു. ഇന്നവള്‍ പറഞ്ഞു.



നിന്റെ മയില്‍ പീലി എന്റെ പുസ്തക താളുകള്‍ക്കിടയില്‍ ഞെരുങ്ങി ശ്വാസം മുട്ടില്ലേ... അതുകൊണ്ട് അത് നീ തന്നെ വെച്ചോ.........



അങ്ങനെ എന്റെ മയില്‍പീലി എന്റെ കയ്യിലും അവളുടെ നോട്ട് പുസ്തകം ഏതോ ആക്രി കാരന്റെ കയ്യിലുമായി...............

2010 ഏപ്രിൽ 6, ചൊവ്വാഴ്ച

ഗള്‍ഫ്‌കാരന്‍.
തമ്പി ഗള്‍ഫിലാണ്. അടുത്ത ആഴ്ച ലീവിന് വരുന്നത്രേ...

തമ്പി നന്നായി പഠിക്കുമായിരുന്നു. പക്ഷെ പ്രീ ഡിഗ്രി പഠിത്തം മുഴുമിച്ചില്ല. അതിനു മുന്‍പേ അവന്‍ ചില്ലറ പണിക്കൊക്കെ പോയി. അപ്പോഴാണ്‌ ഗള്‍ഫില്‍ ഒരു ചാന്‍സ് കിട്ടിയത്. പെട്ടെന്നായിരുന്നു എല്ലാം. ഓടി നടന്നു കടം വാങ്ങി ടിക്കെടിനുള്ള കാശ് സമ്പാദിച്ചു.  അങ്ങനെ വിദേശത്തേക്ക് പറന്നു. അവിടെ ഒരു വിധം തരക്കേടില്ലാതെ ജോലിയും ശരിയായി. 

വര്‍ഷം രണ്ടു കഴിഞ്ഞു. ഇന്നലെയാണ് കത്ത്‌ വന്നത്.  രണ്ടു മാസം ലീവുണ്ട്‌.  പിന്നെ ഒരു കല്യാണവും വേണമല്ലോ. ഇത്തവണ വന്നു പോകുമ്പോള്‍ അതും നടക്കണം...കത്ത്‌ കിട്ടിയ ഉടനെ തമ്പിയുടെ വീട്ടുകാര്‍ തിരക്ക് പിടിച്ചു കല്യാണം നോക്കാന്‍ തുടങ്ങി.

ദിവസങ്ങള്‍ കഴിഞ്ഞു. തമ്പി പറന്നെത്തി. തമ്പി ഒന്ന് വെളുത്തു... കനത്തു....

പെണ്ണ് കാണല്‍ ഉഷാറായി. പക്ഷെ എന്ത് ചെയ്യാം.. മനസ്സിനിനങ്ങിയതിനെ കിട്ടിയില്ല. ഒടുവില്‍ ജോത്സ്യനെ കണ്ടു. അങ്ങേരാണ്‌ പറഞ്ഞത്.. തംബീ നിനക്ക് കല്യാണത്തിന് സമയം ആയില്ല.... ഇനി ഒരു വര്‍ഷം കഴിഞ്ഞു നോക്കിയാല്‍ മതി... മാസം രണ്ടു കഴിഞ്ഞു.. മനസ്സില്ലാ മനസ്സോടെ തമ്പി തിരികെ ഗള്‍ഫിലേക്ക് പറന്നു...

വര്‍ഷം ഒന്ന് കൂടി കഴിഞ്ഞു..

തമ്പി പല തവണ കത്തുകളിലൂടെയും ഫോണിലൂടെയും വീട്ടുകാരെ ഓര്‍മിപ്പിച്ചു കൊണ്ടേയിരുന്നു. അങ്ങനെ കണ്ടെത്തി... ഒരു നല്ല കുട്ടി... വീട്ടുകാര്‍ നല്ലത്...കുട്ടി നല്ലത്........ എല്ലാം കൊള്ളാം...

വല്ല വിധേനയും രണ്ടു വര്‍ഷം തികപ്പിച്ചു തമ്പി വീണ്ടും നാട്ടിലേക്ക് പറന്നു..കല്യാണവും കല്യാണ പെണ്ണിനേയും സ്വപ്നം കാണാന്‍ ശ്രമിച്ചുകൊണ്ട്‌...പക്ഷെ വിധി തമ്പിയെ തോല്‍പ്പിച്ചു. തമ്പി നാട്ടിലെത്തിയപ്പോള്‍ നോക്കി വെച്ച പെണ്ണിന് വേറൊരു കല്യാണം വന്നു.. അതങ്ങ് നടക്കുകയും ചെയ്തു. പക്ഷെ തമ്പി പതറിയില്ല... ഇത്തവണ കല്യാണം കഴിച്ചിട്ടേ പോനുള്ളൂ...ഓടി നടന്നത് മാത്രം മിച്ചം. ജാതകം ചേര്‍ന്നാല്‍ ചെറുക്കാന് പെണ്ണിനെ ഇഷ്ടപ്പെടില്ല.. ഇഷ്ടപ്പെട്ടാല്‍ ജാതകവും ചേരില്ല. എന്ത് പറയാന്‍.. മാസം രണ്ടു വീണ്ടും പോയി... എല്ലാവരെയും ശപിച്ചു കൊണ്ട് തമ്പി വീണ്ടും വിദേശത്തേക്ക് പറന്നു...

വര്‍ഷം രണ്ടു കൂടി കഴിഞ്ഞു...

ഇത്തവണ മൂന്നു മാസത്തെ ലീവുണ്ട്‌. ഒന്നില്‍ പിഴച്ചാല്‍ മൂന്നെന്നാണ് ശാസ്ത്രം. ഇത്തവണ തമ്പിയുടെ വരവ് പഴയ പോലെയല്ല. നല്ലൊരു കുട്ടിയെ കണ്ടെത്തി... ഇനി വന്നിട്ട് കല്യാണം നടത്തിയാല്‍ മാത്രം മതി. തമ്പി വീണ്ടും വന്നു. വീട്ടില്‍ ഒരു ആഘോഷ തിമിര്‍പ്പായിരുന്നു. കല്യാണം ഉറപ്പായി. പെണ്ണിനെ കാണാന്‍ പോയി. നല്ല പെണ്ണ്. രണ്ടു പേര്‍ക്കും കണ്ടു ഇഷ്ടമായി. ഇനി ഒരു നാല് നോക്കണം. ജോത്സ്യനെ കാണാന്‍ പോണം. അച്ഛനെയും കൂട്ടി പോകാം. അപ്പോഴാണ്‌ അച്ഛന് ഒരു വയ്യായ്ക. പിന്നെ ചേട്ടനെയും കൂട്ടി ജോത്സ്യനെ കണ്ടു. രണ്ടു മാസം കഴിഞ്ഞേ പെണ്ണിന് കൊള്ളാവൂ. അത് കൊണ്ട് രണ്ടു മാസം കഴിഞ്ഞു ഒരു ഡേറ്റ് നോക്കി. കല്യാണം കഴിഞ്ഞാലും കഷ്ടിച്ച് ഒരു മാസം അല്ലെ നാട്ടില്‍ നില്‍ക്കാന്‍ പറ്റൂ എന്നോര്‍ത്തപ്പോള്‍ തമ്പിക്ക് സങ്കടം വന്നു.. എങ്കിലും സാരമില്ല. അവളെയും കൂടെ എങ്ങനേലും കൊണ്ട് പോണം..

വിധി തമ്പിയെ വീണ്ടും തോല്‍പ്പിച്ചു. അച്ഛന് വയ്യായ്ക കൂടുതലായി. കിടപ്പിലായി. ഒടുവില്‍ ആശുപത്രിയിലും. ആരോഗ്യം നാള്‍ക്കു നാള്‍ മോശമാവുകയും രോഗം അടിക്കടി കൂടുകയും ചെയ്തു. അങ്ങനെ തമ്പി വന്നതിന്റെ കൃത്യം ഒരു മാസം തികയുന്ന ദിവസം തമ്പിയുടെ അച്ഛന്‍ അന്തരിച്ചു. തമ്പിയുടെ കല്യാണം ഇനിയും നീളും. പക്ഷെ പെണ്‍ വീട്ടുകാര്‍ക്ക് തമ്പി പോയി വരുന്ന വരെ ക്ഷമിക്കാന്‍ കഴിഞ്ഞില്ല. അവര്‍ വേറെ കല്യാണം നോക്കി. മൂന്നാം മാസം ലോകത്തെ മുഴുവന്‍ ശപിച്ചു കൊണ്ട് തമ്പി വിദേശത്തേക്ക് പറപറന്നു.....

വര്‍ഷം ഒന്നര കൂടി കഴിഞ്ഞു..

തമ്പിയെ ശരിക്കും ningalkkarinju കൂടാത്തത് കൊണ്ടാണ്. ഒന്ന് തീരുമാനിച്ചാല്‍ രണ്ടൊന്നു ചിന്തിക്കൂല...കൂടും കുടുക്കയുമെടുത്തു ആരെയും അറിയിക്കാതെ തമ്പി നാട്ടിലെത്തി. വീട്ടിലെത്തിയപ്പോഴാണ് നാട്ടുകാരും വീട്ടുകാരും അറിഞ്ഞത് തന്നെ. ഇത്തവണ എന്ത് സംഭവിച്ചാലും കെട്ടാതെ തിരികെ പോവുന്ന പ്രശ്നമില്ല. ഇത് സത്യം... സത്യം... സത്യം... പക്ഷെ അവധി നാല് മാസമേയുള്ളൂ..

ബ്രോകേര്‍ മാര്‍ തലങ്ങും വിലങ്ങും ഓടി. തമ്പിയും വീട്ടുകാരും നാലുപാടും ഓടി. മൂന്നാം മാസം പെണ്ണിനെ കണ്ടെത്തി. നാലാം മാസം കല്യാണം. അഞ്ചാം മാസം വിസ തീര്‍ന്നു.

വര്‍ഷം ഒന്ന് കൂടി കഴിഞ്ഞു.

thambikkoru മോള്.. വീടിനോട് ചേര്‍ന്ന് ഒരു കട... വലിയ കുഴപ്പമില്ലാതെ കച്ചവടം.
ഇപ്പോള്‍ തമ്പി വിധിയെ നോക്കി കൊഞ്ഞനം കാട്ടരുണ്ടാത്രെ...

2010 മാർച്ച് 27, ശനിയാഴ്‌ച

മറക്കുക വല്ലപ്പോഴും..

ഒരിക്കല്‍ അവള്‍ പറഞ്ഞു....
എന്‍റെ ഹൃദയത്തില്‍ ആഴത്തില്‍ ഒരു മുറിവുന്ടെന്നു
ആരും വിശ്വസിക്കുന്നില്ലെന്ന്.....

ഒടുവില്‍ ഞാന്‍ വിശ്വസിച്ചു...
അവളുടെ ഹൃദയത്തില്‍ ആഴത്തില്‍ ഒരു മുറിവുന്ടെന്നു..
കാരണം... എനിക്കറിയാമായിരുന്നു.....
അവള്‍ക്കൊരു ഹൃദയം ഉണ്ടെന്നു.....

മുറിവുണക്കാന്‍ വേണ്ടത് മരുന്നല്ല...
മറവിയാനത്രേ...
മറക്കുവാന്‍ വേണ്ടതെന്താവോ........

ഓര്‍മയുടെ അന്ത്യം മറവിയാനെങ്കില്‍....
ഓര്‍ക്കുക വല്ലപ്പോഴും....
അങ്ങനെ നിനക്കെന്നെ മറക്കുവാന്‍ സാധിച്ചേക്കും....
അപ്പോള്‍ ... നിന്റെ ഹൃദയത്തിലെ മുറിവുണക്കാന്‍
എനിക്കും കഴിഞ്ഞേക്കും....

അനുയായികള്‍

Powered By Blogger