
ചിലന്തി വല
ഉച്ചക്ക് ഒന്ന് മയങ്ങുമ്പോഴായിരുന്നു കാറ്റു വീശി അടിച്ചത്. കുരുത്തോലതുമ്പത്ത് തൂങ്ങിയാടിയ ചിലന്തി ആകാശത്തോളം ഉയര്‍ന്നു... പിന്നെ പിടി വിട്ടു താഴേക്കു. നടു തല്ലി താഴെ വീണു. മേലേക്ക് നോക്കിയപ്പോള്‍ ഉച്ച വെയില്‍. കണ്ണ് അടഞ്ഞടഞ്ഞു പോയി. ദേഷ്യം തീര്‍ക്കാന്‍ വടക്കോട്ട് കുറെ ഓടി. കയ്പ്പുള്ള വേപ്പ് മരത്തില്‍ പറ്റിപ്പിടിച്ചു കയറി. കുഞ്ഞി ചിലന്തിക്ക് ദേഷ്യം ശമിച്ചില്ല. ഈ കാറ്റിനെ തടുക്കണം. കുഞ്ഞി വേപ്പ് മരത്തിന്റെ പകുതിയോളം കയറി. പടിഞ്ഞാറ് നിന്നും കിഴക്കോട്ടാണ് കാറ്റ് വീശിയിരുന്നത് . തെക്കോട്ട് ചാഞ്ഞ കൊന്ബില്‍ കുഞ്ഞി ചിലന്തി പറ്റിക്കയറി. ഇടതു നിന്നും വലത്തോട്ട് ... ഒരു ചില്ലയില്‍ നിന്നും മറ്റൊന്നിലേക്ക് അത് വല നെയ്തു കൊണ്ടേയിരുന്നു. ഈ വലയോന്നു പണി തീരട്ടെ. കിഴക്കന്‍ കാറ്റ് ഇതില്‍ കുടുങ്ങും.
വല തയ്യാറായി. കാറ്റിനെ വിടാതെ പിടിക്കാന്‍ ചിലന്തി വലയുടെ ഒത്ത നടുക്ക് കാത്തിരുന്നു. പേടിച്ചിട്ടോ എന്തോ.... കാറ്റ് വേപ്പിന്റെ ഇലകളില്‍ മെല്ലെ തൊട്ടിട്ടു കിഴക്കോട്ട് തന്നെ ഓടി.
നേരം സന്ധ്യയായി. കാത്തിരുന്ന ചിലന്തി ഉറങ്ങിപ്പോയി. ഒരു മുരള്‍ച്ച. എല്ലാം ഒന്ന് കുലുങ്ങി. ചിലന്തി ഞെട്ടി ഉണര്‍ന്നു. കാറ്റല്ല... ഒരു കറുത്ത ജീവി വലയില്‍ കുരുങ്ങി. ഹായ്... എന്ത് രസം. തിളങ്ങുന്ന ചിറകുകള്‍. ചിലന്തി ഓടി അടുത്തെത്തി. അത് രക്ഷപ്പെടാന്‍ കുതിക്കുന്നു. കുഞ്ഞി ചിലന്തിയുടെ രോമകൂപങ്ങള്‍ സട കുടഞ്ഞെഴുന്നേറ്റു. കണ്ണുകള്‍ ചെറുതായി. കൈ കാലുകള്‍ വലുതായി. ഒരു നിമിഷം... ചിലന്തി എല്ലാം മറന്നു. വലയിലെ കുഞ്ഞു വണ്ടിനെ കാല് കൊണ്ട് വരിഞ്ഞു മുറുക്കി. വണ്ടിന് ശ്വാസം മുട്ടി.. ചിലന്തി വിട്ടില്ല... വണ്ട് ചത്ത് പോയി. ബോധം വീണ്ട് കിട്ടിയപ്പോള്‍ ചിലന്തിക്ക് സങ്കടം വന്നു. ഇനി എന്ത് ചെയ്യും... വണ്ടിന്റെ നിറമുള്ള ചിറകുകള്‍ തിളങ്ങുന്നുണ്ടായിരുന്നു. ചിലന്തി വീണ്ടും വലയുടെ നടുക്ക് നീങ്ങിയിരുന്നു. അപ്പോഴേക്കും സമയം രാത്രി ആയി. പടിഞ്ഞാറ് നിന്നും കാറ്റ് ഒരു കുഞ്ഞു മേഘത്തെ കൂട്ടികൊണ്ടു വന്നു. കാറ്റ് ഒന്ന് മുരണ്ടപ്പോഴേക്കും കുഞ്ഞു മേഘം മഴ പെയ്യാന്‍ തുടങ്ങി. ചിലന്തിക്ക് അസ്വസ്ഥത തോന്നി. മഴയെ തടുക്കാന്‍ അത് പടിഞ്ഞാറോട്ട് ചാഞ്ഞ കൊമ്പില്‍ താഴെ നിന്നും മുകളിലേക്ക് വല നെയ്തു തുടങ്ങി.
... മഴയെ തടുക്കാന്‍ ചിലന്തി വല നെയ്തു കഴിഞ്ഞു. ഇപ്പോള്‍ കിഴക്കന്‍ കാറ്റും കുഞ്ഞു മഴയും തടുത്തു നിര്‍ത്താന്‍ ചിലന്തിക്കു കഴിഞ്ഞു. പകല്‍ മുഴുവന്‍ വല നെയ്ത ക്ഷീണം കൊണ്ടാകാം ചിലന്തി ഉറങ്ങിപ്പോയി. വലത് വശത്തായി അപ്പോഴും കുഞ്ഞു വണ്ട് ചലനമറ്റു കുരുങ്ങി കിടപ്പുണ്ടായിരുന്നു.
രാത്രി എത്രയോ കഴിഞ്ഞു. ഇരുട്ടിനോടൊപ്പം തണുപ്പും കൂടി വന്നു. കുഞ്ഞി ചിലന്തിക്കു തണുത്തിട്ട് വയ്യ. ഉണര്‍ന്ന ചിലന്തിക്ക് തണുപ്പിനെയും തടഞ്ഞു നിര്‍ത്തണം എന്ന് തോന്നി. ഇരുട്ടിലും ചിലന്തി കിഴക്ക് വശത്ത് നിന്നും താഴേക്കും മുകളിലേക്കും വല നെയ്യാന്‍ തുടങ്ങി. നേരം വെളുക്കാരായപ്പോഴേക്കും കിഴക്ക് വശവും മൂടി. ഇനി താഴേക്കുള്ള വഴി മാത്രം. അത് കൂടി മൂടിയാല്‍ തണുക്കാതെ കിടന്നുറങ്ങാം.. പുലര്‍ന്നപ്പോഴേക്കും ചിലന്തി തനിക്കു ചുറ്റും വല നെയ്തു.. അതിനുള്ളില്‍ കാറ്റും മഴയും തണുപ്പും ഏല്‍ക്കാതെ സുഖമായി കിടന്നുറങ്ങി.

അതിരാവിലെ ചാറ്റല്‍ മഴ പെയ്തു. കിഴക്കന്‍ കാറ്റിനോടൊപ്പം തണുപ്പും വീശിയടിച്ചു. കുഞ്ഞി ചിലന്തി കൂട്ടിനുള്ളില്‍ ഇതൊന്നുമറിയാതെ സുഖമായി ഉറങ്ങി. ഒരു മുരള്‍ച്ച. എല്ലാം ഒന്ന് കുലുങ്ങി. ചിലന്തി ഞെട്ടി ഉണര്‍ന്നു. കിഴക്കന്‍ കാറ്റിനു വേഗത കൂടുന്നു. ചിലന്തിക്കു ശ്വാസം മുട്ടി. പക്ഷെ.. അതിനു ആ വലയില്‍ നിന്നും പുറത്തു കടക്കാന്‍ കഴിഞ്ഞില്ല.
കാറ്റിന്റെ വേഗത ഒന്ന് കൂടി കൂടി. വേപ്പ് മരത്തിന്റെ ചില്ലകള്‍ ഇളകിയാടി. ഇളകിയാടിയ മര ചില്ലക്കിടയിലൂടെ സര്‍വ ശക്തിയുമെടുത്തു ചിലന്തി മുന്നോട്ടു കുതിച്ചു. വേപ്പ് മരത്തില്‍ തൂങ്ങിയാടിയ ചിലന്തി ആകാശത്തോളം ഉയര്‍ന്നു. പിന്നെ പിടി വിട്ടു താഴേക്ക്. ഒപ്പം വന്നത് കുഞ്ഞു വണ്ടും. താഴെ വീണ ചിലന്തിയെ മഴ ഒഴുക്കി.. ഒഴുകി ഒഴുകി അങ്ങ് ദൂരെ ....... എവിടെയോ കൊണ്ട് പോയി. പിന്നെ ആരും കുഞ്ഞു ചിലന്തിയെ കണ്ടിട്ടില്ല.
ഉച്ചയ്ക്ക് വെയില്‍ വന്നു. നാല് ദിക്കും തടഞ്ഞിട്ടും ചിലന്തി വല മാത്രം വേപ്പ് മരത്തില്‍ തല കീഴായി കിടന്നു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ