2011 ജൂൺ 7, ചൊവ്വാഴ്ച

ഈയാമ്പാറ്റകള്‍
മഴയും വെയിലും ഇണങ്ങിയും പിണങ്ങിയും കളിച്ചു കൊണ്ടേയിരുന്നു. മഴക്കായിരുന്നു ശക്തി. എങ്കിലും വെയില്‍ ഇടയ്ക്കിടെ മഴയെ തള്ളി മാറ്റി കുറച്ചു നേരത്തേക്കെങ്കിലും ഓടിക്കളിച്ചു. വൈകുന്നേരം ആയപ്പോഴേക്കും വെയിലിനു തളര്‍ച്ച തോന്നി. ചുവന്ന കണ്ണോടെ വെയില്‍ പോയി. അപ്പോഴേക്കും മഴയ്ക്ക് സങ്കടം വന്നു. അത് ആദ്യം വിതുമ്പി കരഞ്ഞു. എന്തെ കരയുന്നതെന്ന് കാറ്റ് മെല്ലെ ചോദിച്ചപ്പോഴേക്കും മഴയ്ക്ക് സഹിച്ചില്ല. മഴ ഉച്ചത്തില്‍ കരഞ്ഞു.

മഴയത്ത് കളിക്കാന്‍ ഇറങ്ങിയതായിരുന്നു ഒരു കൂട്ടം ഈയാമ്പാറ്റകള്‍. മഴയില്‍ നഷ്ടപ്പെട്ട ചിറകുകള്‍ അന്വേഷിച്ചു ഒരു കൂട്ടം ഈയാമ്പാറ്റകള്‍ നനഞ്ഞ മണ്ണില്‍ പരതാനിറങ്ങി. കുറെ പേര്‍ മണ്ണെണ്ണ വിളക്കിന്റെ ഭംഗിയിലെക്കെടുത്തു ചാടി.

നാക്ക് നീട്ടിയ തവളയ്ക്ക് പിന്നെ വായടച്ചു പിടിക്കാനെ തോന്നിയില്ല.

മഴയുടെ സങ്കടം തോര്‍ന്നു. പിറ്റേന്നും വെയില്‍ വന്നു. പകല്‍ സമയം മുഴുവന്‍ വയര് വീര്‍ത്ത തവള ഉറങ്ങി.
പാവം ഈയാമ്പാറ്റകളുടെ പൊഴിഞ്ഞ ചിറകുകള്‍ മാത്രം .......
അപ്പോഴേക്കും മണ്ണിന്റെ മാറത്തു മഴയത്ത്‌ കളിക്കാനിറങ്ങാന്‍ ഒരു കൂട്ടം ഈയാമ്പാറ്റകള്‍ വീണ്ടും തയ്യാറെടുത്തു..

അഭിപ്രായങ്ങളൊന്നുമില്ല:

അനുയായികള്‍

Powered By Blogger