2012 ഒക്‌ടോബർ 25, വ്യാഴാഴ്‌ച

 
എനിക്കു ഭ്രാന്താത്രേ...
 
 
ഭ്രാന്തില്ലെന്നുറക്കെപ്പറഞ്ഞാല്‍
അതു ഭ്രാന്തിന്‍റെ ലക്ഷണമെന്നു ചിലര്‍
ഭ്രാന്തുണ്ടെന്നു പറഞ്ഞാലോ
അതും ഭ്രാന്തിന്‍റെ ലക്ഷണമെന്നു ചിലര്‍.
 
ഉണ്ടെന്നും ഇല്ലെന്നും ചിലര്‍, പക്ഷെ
ഉണ്ടില്ലിന്നു ഞാന്‍, എനിക്കു വിശക്കുന്നു.
ഭ്രാന്തുണ്ടെങ്കില്‍ മനുഷ്യന് വിശക്കുമോ?
 
ഉറങ്ങാനെനിക്ക് വേണം മരുന്നുകള്‍
ഭ്രാന്തുണ്ടെങ്കില്‍ മനുഷ്യനുറക്കം വരില്ലേ?
നീലിച്ചും വെളുത്തും കുറുകിയും ഗുളികകള്‍
ഇപ്പോള്‍ തോന്നുന്നു, ഭ്രാന്തുണ്ട്, ഡോക്ടര്‍ക്ക്‌
 
എനിക്ക് നന്നായൊന്നു കുളിക്കണം
എനിക്ക് നല്ലോരുടുപ്പും വേണം.
മുറ്റത്തെക്കൊന്നിറങ്ങണം, പിന്നെ
നിന്നെ വന്നൊന്നു കാണണം.
 
മുറ്റത്തെ മഞ്ചാടി പെറുക്കിയെടുക്കണം
നിന്‍റെ കൈവെള്ളയിലിറ്റിറ്റു വീഴ്ത്തണം
ഓണമുണ്ണണം, കാവിലും കൂടണം
കാലിലെ ചങ്ങലക്കു നീളം പോരല്ലോ.
 
മഴയെത്ര, വെയിലെത്ര, മുറ്റത്തു കിളികളെത്ര
ആകാശത്ത് രാത്രിയില്‍ നക്ഷത്രങ്ങളെത്ര
എല്ലാത്തിനുമുണ്ടെന്‍ കയ്യില്‍ കണക്ക്
എന്നിട്ടും ഞാനാണത്രേ ഭ്രാന്തന്‍.
 
ഇനി ഇതു വഴി നീ വരുമോ, എങ്കില്‍
പണ്ടത്തെ ഓര്‍മ്മകള്‍ പങ്കു വെക്കാം
എന്നിട്ട് കേട്ടിട്ടു നീ പറയൂ
 ഭ്രാന്ത് എനിക്കോ അതോ എനിക്കോ..

അഭിപ്രായങ്ങളൊന്നുമില്ല:

അനുയായികള്‍

Powered By Blogger