2022, ഡിസംബർ 10, ശനിയാഴ്‌ച

 പ്രണയം...




മഴ മാറി.. ആകാശം തെളിഞ്ഞു വരുന്നു. അവള്‍ കൌതുകത്തോടെ വിരല്‍ ചൂണ്ടി വിളിച്ചു പറയുന്നുണ്ടായിരുന്നു... ദേ ..... മഴവില്ല് കണ്ടോ ...

ഞാന്‍ നോക്കി... ശെരിയാ... എന്ത് ഭംഗിയാ മഴവില്ല് കാണാന്‍...

ഈ മഴവില്ലും നമ്മുടെ പ്രണയവും ഒരു പോലെ സുന്ദരം അല്ലെ. അവള്‍ എന്നോട് ചോദിച്ചു.

ശെരിയാ ...... പക്ഷേ......

എന്ത് പക്ഷേ..... അവള്‍ എന്‍റെ മുഖത്തെക്ക് നോക്കി.

ഞാന്‍ പറഞ്ഞു..... ശെരിയാ .... മഴവില്ല് പ്രണയം പോലെ സുന്ദരം.

പക്ഷേ.... ചില നിമിഷങ്ങള്‍ക്കുള്ളില്‍ മഴവില്ല് മാഞ്ഞു പോയേക്കാം.

അവളുടെ മുഖത്തെ മഴവില്ല് മാഞ്ഞു മാഞ്ഞു ഒരു കാര്‍ മേഘം കൂട് കൂട്ടുന്നത്‌ അപ്പോള്‍ ഞാന്‍ കണ്ടു...

2013, ഒക്‌ടോബർ 30, ബുധനാഴ്‌ച

ഭൂപടം..

ഇത് വെറുമൊരു ഭൂപടമല്ല.
ഓര്‍മയുടെ ചുവര്‍ ചിത്രങ്ങളത്രെ.
ഞാന്‍ നടന്ന വഴികള്‍, കുളവാഴ മൂടിയ കുളങ്ങള്‍,
പശുവിന്റെ ചാണക ഗന്ധം.
നിലാവത്ത് ഉറങ്ങിയ കാലിയാന്ദ്ര..
ഇതൊക്കെ ഇവിടെ എനിക്ക് കാണാനും അനുഭവിക്കാനുമാകുന്നു.
എങ്കിലും, നിനക്ക് ഇത് വെറുമൊരു ഭൂപടം മാത്രം.
കടലും കരയും അതിര് തിരിച്ച ഭൂപടത്തില്‍ മറ്റൊന്നും നീ കണ്ടില്ല.
അതൊന്നും നിന്റെ കുറ്റമല്ല.
നിനക്കിത് ഓണപ്പരീക്ഷക്ക് കാണാതെ വരക്കാനുള്ള ഒരു പടം മാത്രം.
എനിക്കിത് ഈ ഓണത്തിനും കാണാതെ ഓര്ക്കാനുള്ള ഒരു പടം മാത്രം.
അത്രയ്ക്കായിരുന്നു നിനക്കും എനിക്കും ഉള്ള വ്യത്യാസം.
നിനക്കറിയില്ലല്ലോ, ഈ വഴിയിലൂടെ ആയിരുന്നു അന്ന് ഞാന് കുളവാഴ കോരാന് സൈക്കിള് ചവിട്ടി പോയതെന്ന്.
ആ കുളവാഴകള് അത്തപ്പൂവിനു അതിര് തീര്ത്തത് നീയും കൂടി ചെര്ന്നായിരുന്നല്ലോ.
സന്ധ്യക്ക് മുന്നേ ഉറങ്ങിപ്പോയ ഉറക്കം തൂങ്ങി മരങ്ങള്, ദേ , അതീ വഴിക്കായിരുന്നു.
ഇതിനു കിഴക്ക് വശത്തായി നിറയെ മാവുണ്ടായിരുന്നു.
അതിലെ മാങ്ങയോക്കെ നമ്മള് ഒന്നിച്ചു എറിഞ്ഞു വീഴ്ത്തുമായിരുന്നു.
ഓ... ഇതൊക്കെ ഞാന് പറഞ്ഞിട്ടെന്താ...
ഭൂപടത്തില് ഇതൊന്നും രേഖപ്പെടുത്തില്ലല്ലോ.
രേഖകള് നാട്ടുവഴി താണ്ടി ഇന്ത്യാ മഹാരാജ്യത്തിലൂടെ ലോകം ചുറ്റുമ്പോള്
നിനക്ക് ഇത് വെറും ഒരു അറ്റ്ലസ് ബുക്ക് മാത്രം.

2012, ഒക്‌ടോബർ 25, വ്യാഴാഴ്‌ച

 
എനിക്കു ഭ്രാന്താത്രേ...
 
 
ഭ്രാന്തില്ലെന്നുറക്കെപ്പറഞ്ഞാല്‍
അതു ഭ്രാന്തിന്‍റെ ലക്ഷണമെന്നു ചിലര്‍
ഭ്രാന്തുണ്ടെന്നു പറഞ്ഞാലോ
അതും ഭ്രാന്തിന്‍റെ ലക്ഷണമെന്നു ചിലര്‍.
 
ഉണ്ടെന്നും ഇല്ലെന്നും ചിലര്‍, പക്ഷെ
ഉണ്ടില്ലിന്നു ഞാന്‍, എനിക്കു വിശക്കുന്നു.
ഭ്രാന്തുണ്ടെങ്കില്‍ മനുഷ്യന് വിശക്കുമോ?
 
ഉറങ്ങാനെനിക്ക് വേണം മരുന്നുകള്‍
ഭ്രാന്തുണ്ടെങ്കില്‍ മനുഷ്യനുറക്കം വരില്ലേ?
നീലിച്ചും വെളുത്തും കുറുകിയും ഗുളികകള്‍
ഇപ്പോള്‍ തോന്നുന്നു, ഭ്രാന്തുണ്ട്, ഡോക്ടര്‍ക്ക്‌
 
എനിക്ക് നന്നായൊന്നു കുളിക്കണം
എനിക്ക് നല്ലോരുടുപ്പും വേണം.
മുറ്റത്തെക്കൊന്നിറങ്ങണം, പിന്നെ
നിന്നെ വന്നൊന്നു കാണണം.
 
മുറ്റത്തെ മഞ്ചാടി പെറുക്കിയെടുക്കണം
നിന്‍റെ കൈവെള്ളയിലിറ്റിറ്റു വീഴ്ത്തണം
ഓണമുണ്ണണം, കാവിലും കൂടണം
കാലിലെ ചങ്ങലക്കു നീളം പോരല്ലോ.
 
മഴയെത്ര, വെയിലെത്ര, മുറ്റത്തു കിളികളെത്ര
ആകാശത്ത് രാത്രിയില്‍ നക്ഷത്രങ്ങളെത്ര
എല്ലാത്തിനുമുണ്ടെന്‍ കയ്യില്‍ കണക്ക്
എന്നിട്ടും ഞാനാണത്രേ ഭ്രാന്തന്‍.
 
ഇനി ഇതു വഴി നീ വരുമോ, എങ്കില്‍
പണ്ടത്തെ ഓര്‍മ്മകള്‍ പങ്കു വെക്കാം
എന്നിട്ട് കേട്ടിട്ടു നീ പറയൂ
 ഭ്രാന്ത് എനിക്കോ അതോ എനിക്കോ..

2012, സെപ്റ്റംബർ 5, ബുധനാഴ്‌ച

ചാറ്റ്.....
 


മണ്ണാങ്കട്ടയും കരിയിലയും കണ്ടുമുട്ടി.
എങ്ങനെയോ...
പിന്നെ അവര്‍ ചാറ്റ് ചെയ്തു.
എന്ത് രസമായിരുന്നെന്നോ...
ചിരിച്ചും കളിച്ചും തമാശ പറഞ്ഞും ഒക്കെ ദിവസങ്ങള്‍ നീണ്ടു.
അപ്പോള്‍ കരിയിലക്ക് ഒരു ആഗ്രഹം..
മണ്ണാങ്കട്ടയെ ഒന്ന് നേരില്‍ കാണണം.
ആഗ്രഹം കേട്ടപ്പോള്‍ മണ്ണാങ്കട്ടയ്ക്കും തോന്നി,
ഒന്ന് നേരില്‍ കാണണം.
അങ്ങനെ അവര്‍ രണ്ടു പേരും കാശിക്കു പോകാം എന്ന് തീരുമാനിച്ചു.

അവരൊരുമിച്ച് ഒരുപാട് ദൂരം നടന്നു...
പെട്ടെന്ന് ഒരു കാറ്റ് വീശി.
കരിയില പേടിച്ചു മണ്ണാങ്കട്ടയെ ചേര്‍ന്ന് നിന്നു.
കരിയില പറന്നു പോകാതിരിക്കാന്‍ മണ്ണാങ്കട്ട കരിയിലയുടെ ദേഹത്ത് കയറിയിരുന്നു.
കാറ്റ് തോറ്റു തുന്നം പാടി പറന്നു പോയി.
രണ്ടു പേര്‍ക്കും സന്തോഷമായി..
കണ്ടില്ലേ...
ഒന്നിച്ചു നിന്നാല്‍ നമുക്ക്‌ ആരെയും പേടിക്കണ്ട..
അവര്‍ വീണ്ടും യാത്ര തുടര്‍ന്നു.

കുറെ ദൂരം പോയപ്പോള്‍ കാറ്റ് മഴയെയും കൂട്ടി വന്നു.
മഴ ആര്‍ത്തു ചിരിച്ചു പെയ്തു.
കാറ്റും കൂടെ അറഞ്ഞു ചിരിച്ചു.
പാവം കരിയില പേടിച്ചു പോയി.
കരിയില നനഞ്ഞു കുതിര്‍ന്ന മണ്ണാങ്കട്ടയെ കെട്ടി പിടിച്ചു.
ഒന്നും മിണ്ടാതെ മണ്ണാങ്കട്ട അലിഞ്ഞു പോയി.
പിന്നെ മഴ വെള്ളത്തോടൊപ്പം അത് രണ്ടു ദിക്കിലേക്ക് കൈവഴി പിരിഞ്ഞു അലിഞ്ഞു പോയി...
പിടിച്ചു നില്‍ക്കാന്‍ കഴിയാതെ കരിയില മറ്റൊരു ദിക്കിലേക്ക് എങ്ങോ ഒഴുകി പോയി....

കാശിക്കു പോകാതിരുന്നെന്കില്‍....
മണ്ണാങ്കട്ട ഏതോ ഒരു കോണിലും, കരിയില (ആരും തീയിട്ടില്ലെന്കില്‍) മറ്റൊരു കോണിലും ആരുമറിയാതെ കിടന്നേനെ...

2012, ജൂലൈ 10, ചൊവ്വാഴ്ച

ബുദ്ധന്‍റെ ചിരി..

ബുദ്ധന്‍ പിന്നെയും ചിരിച്ചു...


ബോധ നിലാവ് പരന്നു.
എന്നത്തേയും പോലെ നിലാവിന്‍റെ തെളിമയില്‍ ബുദ്ധന്‍റെ മുഖം ശാന്തഗംഭീരമായി.
ഞാന്‍ ചിന്തയില്‍ മുഴുകി.
എന്റെ മുന്നില്‍ ഇരിക്കുന്നത് രാജ്യം വെടിഞ്ഞ രാജാവ്.
ഭാര്യയെ പിരിഞ്ഞ ഭര്‍ത്താവ്.
കുട്ടികളെ വെടിഞ്ഞ ഒരച്ഛന്‍.
അല്ലയോ ബുദ്ധാ.....
ലോക സത്യം തിരിച്ചറിഞ്ഞ നീ, ബോധ നിലാവില്‍ സ്വയം ആനന്ദം കൊള്ളിടുമ്പോള്‍, നാഥനില്ലാതെ ഉഴലുകയല്ലേ അങ്ങയുടെ പ്രജകള്‍?
തുണയില്ലാതെ ദുഖിതയല്ലേ അങ്ങയുടെ പത്നി.
കുട്ടികളുടെ സ്ഥിതി, എനിക്കറിയില്ല.
ഹേ, ബുദ്ധാ, ഇതില്‍ നീതി എവിടെ?
പരമ സത്യം അറിഞ്ഞ നീ ഒടുവില്‍ കാട്ടുന്നത് നീതികേടാണോ..
എന്റെ ചിന്തകള്‍ ഇങ്ങനെ എന്നെ അലട്ടി.

എന്റെ മനം തിരിച്ചരിഞ്ഞിട്ടോ എന്തോ, ബുദ്ധന്‍ കണ്ണ് തുറന്നു.
എന്നെ നോക്കി, ഇതാ അങ്ങോട്ട്‌ നോക്കു എന്ന് ആംഗ്യം കാട്ടി.
പൂത്ത് നില്‍ക്കുന്ന ഒരു പൂച്ചെടി.
ചുവടില്‍ വീണ ഒരു പൂവ്.
ബുദ്ധന്‍ മൊഴിഞ്ഞു.
നോക്കൂ... ഇന്നലെ പൂത്ത ഒരു പൂവ് താഴെ വീണു കിടക്കുന്നു.
പക്ഷെ, ആ ചെടിയില്‍ ഇന്ന് വിരിഞ്ഞ പൂവിന്റെ ഭംഗി കണ്ടോ.
ആ പുഷ്പവും നാളെ പൊഴിയും.
എന്ന് വെച്ച് ആ ചിന്തകള്‍ക്ക്‌ ഇന്നത്തെ പൂവിന്‍റെ സൗന്ദര്യവും സൌരഭവും ഇല്ലാതാക്കാന്‍ കഴിയുന്നുണ്ടോ.
അതില്ല, ഞാന്‍ സമ്മതിച്ചു.
ബുദ്ധന്‍ ഒരു ചെറു പുഞ്ചിരിയോടെ കണ്ണുകള്‍ പൂട്ടി.

മുഴുവനായി അദ്ദേഹം പറഞ്ഞത്‌ എനിക്ക് മനസ്സിലായില്ല.
എങ്കിലും മനസ്സില്‍ എന്തൊക്കെയോ നിറഞ്ഞു.
പക്ഷെ, ചെറിയൊരു സംശയം ഇപ്പോഴും ഉണ്ട്.
ഞാന്‍ ആ ചെടിയെ തിരിഞ്ഞൊന്നു നോക്കി.
അവിടെ ഒരു പശു. അത് വളരെ രുചിയോടെ ആ ചെടി ഒറ്റ വലിക്ക് തിന്നു തീര്‍ത്തു.
എനിക്ക് ചിരി വന്നു,
ബുദ്ധനോട് ഞാന്‍ ഉറക്കെ ചോദിച്ചു..
" ഇപ്പോളോ, ഇപ്പൊ എങ്ങനെ ഇരിക്കുന്നു?"

ബുദ്ധന്‍ എന്തെങ്കിലും പറയും മുന്‍പേ ഞാന്‍ ഉറക്കത്തില്‍ നിന്നും ഉണര്‍ന്നിരുന്നു..

2012, ഏപ്രിൽ 6, വെള്ളിയാഴ്‌ച

കണക്കെഴുത്തുകാരന്‍..

ഒരു എഴുത്ത് കാരന്‍ ആകണം എന്ന മോഹവുമായാണ് ഞാന്‍ വന്നത്. കഥ വേണോ അതോ കവിത മതിയോ.
ഒരു തീരുമാനത്തിലെത്താന്‍ കഴിഞ്ഞില്ല.
പക്ഷെ, പിന്നീട് ഞാന്‍ അറിയാതെ തന്നെ ഒരെഴുത്ത് കാരനായി.
കണക്കെഴുത്ത് കാരന്‍.
വില്‍ക്കലും വാങ്ങലും കൂട്ടി കിഴിക്കലും പൂര്‍ത്തിയാക്കി ഓരോ വ്യാപാരിയെയും പറഞ്ഞയക്കുമ്പോള്‍ ഞാനോര്‍ക്കും, ഇത് കഥയോ അതോ കവിതയോ...
പല രാത്രികള്‍ ഉറക്കമിളച്ചു പൂര്‍ത്തിയാക്കിയ കണക്കിന് ഒടുവില്‍ വ്യാപാരിയും കടം വെച്ച് പോകുമ്പോള്‍ അറിയാതെ ഞാനും പറഞ്ഞു, ഇതെന്തു കഥ?
ചെയ്ത ജോലിക്ക് നന്ദി പറഞ്ഞു മുഴുവന്‍ കാശും കയ്യില്‍ തരുമ്പോള്‍, അപ്പോള്‍ ഞാനോര്‍ത്തു ഇതാണ് കവിത.

2011, ജൂൺ 7, ചൊവ്വാഴ്ച

ഈയാമ്പാറ്റകള്‍
മഴയും വെയിലും ഇണങ്ങിയും പിണങ്ങിയും കളിച്ചു കൊണ്ടേയിരുന്നു. മഴക്കായിരുന്നു ശക്തി. എങ്കിലും വെയില്‍ ഇടയ്ക്കിടെ മഴയെ തള്ളി മാറ്റി കുറച്ചു നേരത്തേക്കെങ്കിലും ഓടിക്കളിച്ചു. വൈകുന്നേരം ആയപ്പോഴേക്കും വെയിലിനു തളര്‍ച്ച തോന്നി. ചുവന്ന കണ്ണോടെ വെയില്‍ പോയി. അപ്പോഴേക്കും മഴയ്ക്ക് സങ്കടം വന്നു. അത് ആദ്യം വിതുമ്പി കരഞ്ഞു. എന്തെ കരയുന്നതെന്ന് കാറ്റ് മെല്ലെ ചോദിച്ചപ്പോഴേക്കും മഴയ്ക്ക് സഹിച്ചില്ല. മഴ ഉച്ചത്തില്‍ കരഞ്ഞു.

മഴയത്ത് കളിക്കാന്‍ ഇറങ്ങിയതായിരുന്നു ഒരു കൂട്ടം ഈയാമ്പാറ്റകള്‍. മഴയില്‍ നഷ്ടപ്പെട്ട ചിറകുകള്‍ അന്വേഷിച്ചു ഒരു കൂട്ടം ഈയാമ്പാറ്റകള്‍ നനഞ്ഞ മണ്ണില്‍ പരതാനിറങ്ങി. കുറെ പേര്‍ മണ്ണെണ്ണ വിളക്കിന്റെ ഭംഗിയിലെക്കെടുത്തു ചാടി.

നാക്ക് നീട്ടിയ തവളയ്ക്ക് പിന്നെ വായടച്ചു പിടിക്കാനെ തോന്നിയില്ല.

മഴയുടെ സങ്കടം തോര്‍ന്നു. പിറ്റേന്നും വെയില്‍ വന്നു. പകല്‍ സമയം മുഴുവന്‍ വയര് വീര്‍ത്ത തവള ഉറങ്ങി.
പാവം ഈയാമ്പാറ്റകളുടെ പൊഴിഞ്ഞ ചിറകുകള്‍ മാത്രം .......
അപ്പോഴേക്കും മണ്ണിന്റെ മാറത്തു മഴയത്ത്‌ കളിക്കാനിറങ്ങാന്‍ ഒരു കൂട്ടം ഈയാമ്പാറ്റകള്‍ വീണ്ടും തയ്യാറെടുത്തു..

അനുയായികള്‍

Powered By Blogger